ലിംഗ ഭേദമന്യേ - 'ഇണ ചേരൽ' ഇന്ത്യയിൽ നിയമ വിധേയമാണ്.

 

Homosexuality, lesbian,
Photo : Girls. (Free-Usage/Pixabay) 


പരസ്പരം ഇണ ചേരാൻ തീരുമാനിച്ചുറച്ച വ്യക്തികളെ മറ്റുള്ളവർ എത്ര ബലം പ്രയോഗിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചാലും നടക്കണമെന്നില്ല, റിപ്പബ്ലിക് ഓഫ് ഇന്ത്യയിലെ (Republic of India) നീതി-ന്യായ-നിയമ വ്യവസ്ഥ ആരെയും അതിന് അനുവദിക്കുന്നുമില്ല. മറ്റുള്ളവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അത്തരം ബലപ്രയോഗങ്ങൾ ഓരോന്നും, ബന്ധപ്പെട്ട ആ വ്യക്തികളുടെ വ്യക്തിസ്വതന്ത്രത്തെ ഹനിക്കുന്ന അന്യായമായ ഹീനമായ ഹിംസാത്മകമായ കുറ്റകൃത്യമാണ്. 


തടഞ്ഞു വെച്ചാലും ശെരി, തട്ടി കൊണ്ട് പോയാലും ശെരി, ഒരു സുപ്രഭാതത്തിനപ്പുറം ഒന്നും വിലപ്പോവില്ല. ഇനി പോലീസിനെയോ സർക്കാർ സംവിധാനത്തെയോ സ്വാധീനിച് താഴെ തലത്തിൽ തന്നെ ആരുമറിയാതെ പ്രശ്നം ഒതുക്കാൻ ശ്രമിച്ചാലും ശെരി, ഒരു പരിധിക്കപ്പുറം അതും സാധിക്കണമെന്നില്ല. ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ സമർപ്പിക്കപെടുന്ന ഒരു 'ഹേബിയസ് കോർപ്പസ്' ഹരജിക്ക് (Habeas Corpus Writ) മുന്നിൽ അത്തരം എല്ലാ ശ്രമങ്ങളും ഒരു ചെറു തുള്ളി വെള്ളം പോലെ ആവിയായിപോകും...!

തട്ടി കൊണ്ട് പോയ അതേ സ്പീഡിൽ തിരിച്ചു കോടതിയിൽ ഹാജരാക്കേണ്ടി വരികയും ചെയ്യും. മാത്രമല്ല... ചിലപ്പോൾ - തുടർ നിയമ നടപടിയുടെ ഭാഗമായി കോടതിയുടെ പരസ്യ ശാസനയും ശിക്ഷയുമൊക്കെ ബന്ധപ്പെട്ടവർ നേരിടേണ്ടിവന്നെന്നുമിരിക്കാം...•


കഴിഞ്ഞ ദിവസം ഇത്തരത്തിൽ രണ്ട് വ്യക്തികളെ കേരള ഹൈക്കോടതി ഒരുമ്മിപ്പിച്ചിരുന്നു. "സ്വവർഗ്ഗാനുരാഗികളെ ഒരുമിച്ചു ജീവിക്കാൻ കോടതി അനുവദിച്ചു" എന്ന തരത്തിലായിരുന്നു മാധ്യമങ്ങളിൽ ആ വാർത്ത വന്നത്. അത് കൊണ്ടായിരിക്കാം.., "ഹോ.. ഇനി എന്തൊക്കെ കാണണം.." എന്ന തരത്തിലുള്ള പലരുടെയും അസ്വസ്ഥമായ അസഹനീയമായ സദാചാര നെടുവീർപ്പും ആ വാർത്തക്കടിയിലെ കമെന്റ്കളായി കണ്ടു.


ഈ വിഷയവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളിലെ "കോടതി അനുവദിച്ചു" എന്ന വാക്ക്  ആളുകൾക്കിടയിൽ ഒരൽപ്പം തെറ്റിദ്ധാരണ സൃഷ്ടിക്കാൻ സാധ്യതയുണ്ട്‌. എന്താണ് ഈ "അനുവദിച്ചു" എന്ന വാക്ക് കൊണ്ട്  അർത്ഥമാക്കുന്നത്? 

കോടതിക്ക്  'അനുവദി'ക്കാതിരിക്കാൻ സാധിക്കുമോ? 

ഇല്ല!. ഒരിക്കലുമില്ല..!.

മേജറായ വ്യക്തികളുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളിൽ കോടതിക്ക്  'അനുവദി'ക്കാനോ 'അനുവദി'ക്കാതിരിക്കാനോ ഉള്ള പ്രത്യേക വിവേചനാധികാരം ഒന്നുമില്ല. പരസ്പരം താല്പര്യമുള്ള ഏത് ഇണകളെ കണ്ടെത്താനും ഒരുമിച്ച് കഴിയാനുമുള്ള സ്വാതന്ത്ര്യം 1950 ജനുവരി 26 ലെ പ്രഭാതം തൊട്ട് ഉള്ളതാണ്.

പലകുറിയായി സുപ്രീംകോടതി അടക്കം അത് നിയമവിധേയമായി പ്രഖ്യാപിചിട്ടുള്ളതുമാണ്. 

സ്വവർഗ്ഗാനുരാഗികളുടെ ഇണ ചേരലിനെ നിയന്ത്രിക്കുന്ന ഇന്ത്യൻ പീനൽ കോഡിലെ 377-ാം വകുപ്പിനെ 2018 സെപ്തംബർ 6 ന് ഇന്ത്യൻ സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു റദ്ദ് ചെയ്യുകയും ചെയ്തു. അങ്ങനെയാണ് ഇന്ത്യയിൽ സ്വവർഗരതിയും നിയമവിധേയമാകുന്നത്.

ആ സ്വാതന്ത്ര്യം ആരും ഇനി പ്രതേകിച്ചു അനുവദിച്ചു കൊടുക്കേണ്ട കാര്യവുമില്ല. ആ സ്വാതന്ത്ര്യത്തെ ആരെകൊണ്ടും തടയാനും സാധിക്കില്ല.  അത് കൊണ്ട്, ഹൈകോടതി "അനുവദിച്ചു" എന്ന് പറഞ്ഞാൽ "തടസ്സം നീക്കി കൊടുത്തു" എന്ന് മാത്രമേ അർത്ഥമുള്ളൂ. 

ആ അർത്ഥത്തിലാണ്  "കോടതി അനുവദിച്ചു" എന്ന വാർത്തയെ നാം മനസ്സിലാക്കേണ്ടത്.

ഇല്ലാതിരുന്ന ഒരു സ്വാതന്ത്ര്യം കോടതി പുതുതായി അനുവദിച്ചു കൊടുക്കുകയല്ല ചെയ്തത്, വ്യക്തികൾക്ക് ന്യായമായി നിയമപരമായി ഉള്ള ഒരു സ്വാതന്ത്ര്യത്തെ ചിലർ തടസ്സപ്പെടുത്തിയപ്പോൾ.. ആ തടസ്സം നീക്കി കൊടുക്കുകയാണ് ഹൈക്കോടതി ചെയ്തത്..•


പതിറ്റാണ്ടുകൾക്ക് മുമ്പേ ഇന്ത്യയിലെ ഓരോ പൗരനും സ്ഥായിയായ അനുവദിക്കപ്പെട്ട വ്യക്തിസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ അവകാശം (Article 21) കാലങ്ങൾക്കിപ്പുറം ഇന്നും വീണ്ടും വീണ്ടും കോടതികൾക്ക് "അനുവദി"ക്കേണ്ടി വരുന്നു എന്നത് ഈ സമൂഹത്തിന്റെ വളരേ ദയനീയമായ അവസ്ഥയെയാണ് വെളിവാക്കുന്നത്.


ഇണയെ തിരഞ്ഞെടുക്കാനുള്ള വ്യക്തികളുടെ സ്വാഭാവികമായ സ്വാതന്ത്ര്യത്തെ മറ്റുള്ളവർ നിർബന്ധമായും മാനിക്കേണ്ടതുണ്ട്.

••