ത്രിവർണ്ണവും കാവിയും - ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ
ഇന്ത്യൻ സ്വാതന്ത്ര്യമെന്നത് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വിജയം എന്ന് കൂടിയാണ്.
ഇന്ത്യൻ ദേശീയതയുടെ വക്താക്കൾ എന്നും ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് തന്നെയാണ്. ആ അടിസ്ഥാന വസ്തുതയെ അംഗീകരിച്ചു കൊണ്ട് വേണം സ്വതന്ത്രത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തെ കുറിച്ച് ഇന്ത്യക്കാരായ ഓരോരുത്തരും വാചാലരാകേണ്ടത്.
ഇന്ത്യയിലെ ബി.ജെ.പി ഉൾപ്പടെയുള്ള പല രാഷ്ട്രീയ കക്ഷികളും അസാധാരണമാംവിധം ഉത്സാഹത്തോടെ ഇന്ത്യൻ ദേശീയതയുടെ പ്രചാരകരാകുന്ന കാഴ്ചയാണ് ഈയിടെയായി നാം കാണുന്നത്. ഇതൊരു പുതിയ മാറ്റമാണ്.
ഏറെ വൈകിയാണെങ്കിലും ആർക്കെങ്കിലും അങ്ങനെയൊരു മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട നല്ലൊരു കാര്യം തന്നെയാണ്. അധിവൈകാരികത ആപത്താണ് എന്ന ബോധത്തോടെ ഇതര ദേശ-രാഷ്ട്രങ്ങളെ മാനിച്ച് കൊണ്ട് ഇന്ത്യൻ ദേശീയതയെ പുൽകുന്നത് നല്ല കാര്യമാണ്.
ഇന്ത്യൻ ദേശീയത എന്നത് ഭൂപ്രദേശപരമാണ്, സാംസ്കാരികപരമായതല്ല. ബ്രിട്ടണിന്റെ അധീനതയിൽ ആയിരുന്ന ഒരു വലിയ ഭൂപ്രദേശത്തെ ജനത സ്വയംഭരണത്തിനായി നിരന്തരം പോരാടിയതിന്റെ ഫലമാണ് ഇന്ത്യ. സാംസ്‌ക്കാരികമായ വൈവിധ്യങ്ങളോ മത-സാമുദായികപരമായ ഭിന്നതകളോ വർഗ്ഗപരമായ അന്തരങ്ങളോ തടസ്സമകാതെ അന്ന് ആ ജനതയെ ഒരുമിപ്പിച്ച് നിർത്തിയത് ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് എന്ന പ്രസ്ഥാനമാണ്. ആ പ്രസ്ഥാനം മാത്രമാണ്. ബാക്കിയുള്ള കക്ഷികളെല്ലാം കിട്ടിയ തക്കത്തിന് തങ്ങളുടെ പ്രത്യശാസ്ത്രങ്ങൾ നടപ്പിൽ വരുത്താനുള്ള ശ്രമത്തിലായിരുന്നു.
സ്വതന്ത്രത്തിന്റെ എഴുപതിൽ നിൽക്കുമ്പോൾ,
ഇന്ന് കോണ്ഗ്രസ് പൊതുവെ ദുർബ്ബലപ്പെട്ടു.
കോണ്ഗ്രസ്സിന്റെ തനത് ഇടങ്ങളിൽ ബി.ജെ.പി വ്യാപിച്ചു. ഡസൻ കണക്കിന് കൊണ്ഗ്രെസ്സ് നേതാക്കൾ ബി.ജെ.പി.യിലേക്ക് ചുവട് മാറി.
ബി.ജെ.പിക്ക് ബദൽ ഞങ്ങളാണന്ന് പറഞ്ഞ
സി.പി.ഐ.എം കേരളത്തിലേക്ക് ചുരുങ്ങി. പ്രതിപക്ഷ ചേരിയിൽ നിന്ന് ബി.ജെ.പിയെ ശക്തിയുക്തം എതിർത്തു സംസാരിക്കുന്ന കക്ഷിയായി തൃണമൂൽ കോണ്ഗ്രസ് മാറി.
പ്രാദേശിക കക്ഷികൾ അവസരത്തിനൊത്തു ബി.ജെപിയോട് ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞു കൂടി പോകുന്നു. അപ്പോഴും എങ്ങും ചായതെ ചെരിയാതെ വ്യത്യസ്തമായൊരു മാതൃക കാട്ടി ആം ആദ്മി പാർട്ടി നിൽക്കുന്നു.
'ഇന്ത്യൻ ദേശീയത'യുടെ പ്രചാരകരാകാൻ ആം ആദ്മിക്കാർ യാതൊരു മടിയും കാണിക്കുന്നില്ല.
മതേതര രാഷ്ട്രീയ പാർട്ടിയായത് കൊണ്ട് തന്നെ ''വർഗ്ഗീയവാദികൾ" എന്ന പേരുദോഷം കേൾപ്പിക്കുന്നില്ല. വലിയ പിടിവാശികളില്ലാതെ, പരസ്പരമുള്ള കക്ഷി രാഷ്ട്രീയ പോരിൽ ഏർപ്പെടാതെ, രാഷ്ട്രീയപരമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധിചെലുത്തി ഭരണ മികവ് കാട്ടുന്നു.
ഹിന്ദുത്വർ എന്ന് അറിയപ്പെടുന്ന കക്ഷികൾ, പ്രത്യേകിച് ഭാരതീയ ജനതാ പാർട്ടി, ഇന്ത്യൻ ദേശീയതയുടെ സ്ഥാനത്ത് ഹൈന്ദവ സാംസ്‌ക്കാരിക ദേശീയത replace ചെയ്യാൻ താൽപര്യപ്പെടുന്നവരാണ്. ഇതുവരെ അവർ അതിൽ പരിപൂർണമായും വിജയിച്ചിട്ടില്ല,
അതത്ര നിസാരമായി സാധിക്കുന്ന കാര്യവുമല്ല, വളരെയധികം ശ്രമകരമായൊരു പണിയാണ്.
ഹിന്ദുത്വം പറഞ്ഞാൽ ഇന്ത്യ മഹാരാജ്യത്ത് എല്ലാ സ്ഥലത്തും അപ്പടി ഏൽക്കണമെന്നില്ല.
ആ തിരിച്ചറിവായിരിക്കാം ഒരു കാലത്ത് ശക്തമായി ഉന്നയിച്ചിരുന്ന പല ഹിന്ദുത്വ വാദങ്ങളും ഇന്ന് നേർപ്പിക്കാനും തങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നവരാണന്ന് നിരന്തരം പറയാനും സംഘപരിവാരങ്ങളെ പ്രേരിപ്പിക്കുന്നത്. അതേസമയം ഹൈന്ദവ വിശ്വാസങ്ങളെ ഉയർത്തി കാണിച്ച് ആളുകളെ വികാരം കൊള്ളിച് നേട്ടം കൊയ്യുന്നവരാണ് ബി.ജെ.പി. ഇതര മത-സാമുദായങ്ങളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആളുകളിൽ അരക്ഷിതബോധം നിർമ്മിച്ചും ധ്രുവീകരണം നടത്തിയും തങ്ങൾക്ക് ആവശ്യമായ താൽക്കാലിക ലക്ഷ്യങ്ങൾ നിറവേറ്റിപോരുന്നവരാണ് ബി.ജെ.പി.
അപ്പോഴും കാര്യങ്ങൾ തങ്ങളുടെ കൈവിട്ട് ലഹളകളിലേക്കും കലാപങ്ങളിലേക്കും പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
"ഭാരതീയം" എന്ന ലേബലിലുള്ള എന്തും ബി.ജെ.പി.ക്കും പരിവാരങ്ങൾക്കും സ്വീകാര്യമാണ്, അത് ഇനി എന്തായാലും അവരതിനെ മുന്നുംപിന്നും നോക്കാതെ കണ്ണുംപൂട്ടി endorse ചെയ്യന്നത് പതിവാണ്!.
ഇങ്ങനെയൊക്കെയുള്ളൊരു പാർട്ടിയാണ് ബി.ജെ.പി!. ഇതേ ബി.ജെ.പി തന്നെയാണ് ഇപ്പോൾ ഇന്ത്യൻ ദേശീയതയെ അംഗീകരിച്ചു മുന്നോട്ടു വരുന്നതും, അതിന്റെ പ്രചാരകർ ആകുന്നതും. ഓർക്കുമ്പോൾ തന്നെ അതിശയം തോന്നാറുണ്ട്. ഇന്ത്യ ഉരുത്തിരിഞ്ഞുവന്നതും വളർന്നതും ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ 'ഇന്ധനം' കാരണമാണ്. ഒരുകാലത്ത് കോണ്ഗ്രസിന്റ സ്ഥാനവും പ്രാധാന്യവും എന്തായിരുന്നുവോ അത് തന്നെയാണ് ഇന്ന് ബി.ജെ.പിക്കും ഇന്ത്യയിലുള്ളത്. എല്ലാം തരത്തിലുള്ള അധികാരവും സ്വാധീനവും ഉള്ളവരാണവർ. റിപ്പബ്ലിക്കിന്റെ ഭാവിയെ നിർണ്ണയിക്കാൻ സാധിക്കുന്നവരായി ബി.ജെ.പി വളർന്നു.
അവരുടെ ഈ വളർച്ചയിൽ ധാർമ്മികമായി എത്രമാത്രം ശെരികൾ ഉണ്ടെന്ന് അവർ തന്നെ സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും.
സമൂഹത്തെ പരിക്കേൽപ്പിച്ചു കൊണ്ട് ഒരു രാഷ്ട്രീയ-പ്രത്യശാസ്ത്രം നടപ്പിലാക്കുക എന്ന് പറയുന്നത് ന്യായീകരിക്കാനാവാത്തൊരു ഫാസിസ്റ്റ് പ്രവണതയാണ്. അധാർമ്മികമാണ്.
നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നൊക്കെയുള്ള മൂല്യങ്ങളിലടിഷ്ഠിതമായ ഒരു ആധുനിക രാഷ്ട്രം എന്ന നിലയിലും വൈവിധ്യമാർന്നൊരു ജനതയന്ന നിലയിലും ഇന്ത്യക്ക് ഒട്ടും ഗുണകരമല്ല ഹൈന്ദവ സാംസ്‌ക്കാരിക ദേശീയതയായ ഹിന്ദുത്വം.
ഈ റിപ്പബ്ലിക് എന്നും കൂടുതൽ കരുത്തോടെ നിലനിലക്കേണ്ടതുണ്ട്. അതിന് സഹായകരം 'ഭൂപ്രദേശപരമായ ദേശിയത' മാത്രമാണ്.
Post a Comment