ലൈംഗിക തൊഴിൽ നിയമവിധേയമാക്കുമ്പോൾ, വ്യക്തി സ്വാതന്ത്ര്യം ഒരിക്കൽ കൂടി ബഹുമാനിക്കപ്പെടുന്നു.


വ്യക്തിയുടെ സ്വകാര്യതയ്ക്ക് മുകളിൽ കൂട്ടത്തിന്റെ യാഥാസ്ഥിതിക ധാർമിക ബോധത്തെ പ്രതിഷ്ഠിച്ചിരുന്ന വ്യവസ്ഥയിൽ നിന്ന് ഏറെ വൈകിയാണെങ്കിലും പയ്യെ പയ്യെ ഇന്ത്യയും പുറത്ത് കടന്നുകൊണ്ടിരിക്കുന്നു.




ഇത്തരം പുതു മാറ്റങ്ങൾ ഇന്ത്യയിൽ ഉണ്ടാക്കുന്നത് - പ്രശംസനീയമാണ്, സന്തോഷകരമാണ്, ഏറെ ആനന്ദകരവുമാണ്. 

വ്യക്തികൾ തമ്മിലുള്ള ബന്ധം -

മേജർ ആയ രണ്ട് വ്യക്തികൾ തമ്മിൽ പരസ്പര സമ്മതത്തോടെ അവരെ മാത്രം ബാധിക്കുന്ന ഏത് പ്രവർത്തിയിൽ ഏർപെട്ടാലും ശെരി, മൂന്നാമതൊരാൾക്ക് അവിടെ സ്ഥാനമില്ല. അത് ഇനി ഭരണകൂടം ആയാൽ പോലും അവരുടെ സ്വകാര്യതയെ മാനിച്ച്  'ഇടം കോല് ' ഇടാതെ വിഷയത്തിൽ നിന്ന് മാറി നിൽക്കേണ്ടതാണ്. 
ഇത് ഈ അത്യാധുനിക യുഗത്തിലെ മനുഷ്യന്റെ തിരിച്ചറിവാണ്. ഇതാണ് ആധുനിക മനുഷ്യന്റെ മഹോന്നമായ ധാർമിക മൂല്യവും. ഈ മൂല്യത്തെ ഉയർത്തിക്കൊണ്ട് വേണം നാം ഇനി നമ്മുടെ നിയമ വ്യവസ്ഥയിലെ കാലഹരണപ്പെട്ട നിയമങ്ങൾ ഓരോന്നും പരിഷ്കരിക്കേണ്ടത്.

 ഭരണഘടനയിലെ ചില ആർട്ടിക്കിള്കളും, സിവിൽ/കുറ്റകൃത്യ ശിക്ഷാ നിയമങ്ങളിലെ ചില വകുപ്പുകളും നാം ഒന്ന് പരിശോധിച്ചാൽ 'വ്യക്തിയെ നോക്കി കൊഞ്ഞനം കുത്തുന്ന' ഒരുപാട് ഇനങ്ങൾ ഇനിയും അതിലെല്ലാം കാണാൻ സാധിക്കും. അതൊക്കെയും  കാലാനുസൃതമായി പുതിയ മൂല്യ ബോധം രൂപപ്പെടുന്നതിനനുസരിച്ചു സൂഷ്മാമായി പുനഃപരിശോധിച്ച് വേണ്ടവണ്ണം തിരുത്തി  എഴുതപ്പെണ്ടവയാണ്. 

പരിഷ്‌ക്കരണ ത്വര വളർത്തിയെടുക്കാൻ ഇന്ത്യൻ ഭരണഘടന ഇന്ത്യയിലെ ഓരോ പൗരനോടും കല്പിച്ചിരിക്കുന്നു [Coi Art 51 A(h)]. 
എന്നാൽ ആ പരിഷ്‌ക്കരണ പ്രക്രിയ ഇന്ത്യയിൽ വൈകുന്നതിന് പ്രധാന കാരണം, അത്തരം മാറ്റങ്ങൾ ഭൂരിപക്ഷത്തിന്റെ ഒരു പൊതു ആവശ്യമായി സമൂഹത്തിൽ നിന്ന് ഉയർന്ന് വരുന്നില്ല എന്നത് തന്നെയാണ്. നമ്മുടെത് ഒരു പാർലമെന്ററി-ജനാധിപത്യ സംവിധാനമാണ്. 
സമൂഹത്തിൽ നിന്ന് ഉയർന്നാലെ അത് നിയമനിർമാണ സഭകളിൽ വേണ്ടവണ്ണം പ്രതിഫലിക്കുകയുള്ളൂ.

പരമ്പരാഗത മൂല്യങ്ങളെല്ലാം എക്കാലവും സംരക്ഷിക്കപെടേണ്ടവയാണ് എന്ന യാഥാസ്ഥിതിക (conservative) നിലപാട് ബഹുഭൂരിപക്ഷം മനുഷ്യരും അഭിമാനകരമായി വെച്ചു പുലർത്തുന്ന ഒരു രാജ്യത്ത് എന്തെങ്കിലും ഒരു മാറ്റം ഉണ്ടാവണമെങ്കിൽ കോടതി ഇടപെടൽ അനിവാര്യമായ ഒരു ഘടകമായി മാറുന്നു. ഇനി ചില കേസുകളിൽ കോടതി പറഞ്ഞാൽ പോലും എക്സിക്യൂട്ടീവിന് അത് നടപ്പിലാക്കാൻ പറ്റാത്ത ദയനീയമായ അവസ്ഥ വരെ നാം പലകുറി കണ്ടതുമാണ്. 

കോടതി ഭരണഘടനാനുസൃത സംവിധാനമാണ്. മാത്രമല്ല, സിസ്റ്റത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗം കൂടിയാണ്. സിസ്റ്റത്തിന്റെ പിഴവുകൾ ചൂണ്ടിക്കാണിക്കാനും തിരുത്താനും അധികാരമുള്ള ഒരു വിലപ്പെട്ട മിഷണറി തന്നെയാണ് നീതിന്യായ പീഠം. കോടതി ഇടപെടലിലൂടെ വരുന്ന പരിഷ്‌ക്കരണങ്ങൾക്ക് അതിന്റെതായ പ്രത്യേക സവിശേഷതകളും പ്രാധാന്യവും ഉണ്ട്.  എന്നിരുന്നാലും, നമ്മുടെ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾക്ക് കൂടുതൽ stake ഉള്ളത് നിയമ നിർമാണ സഭകളിലാണ്. അവിടെയാണ് ജനങ്ങളുടെ പ്രാതിനിധ്യം ഉള്ളത്. നമുക്ക് വേണ്ടി നമ്മൾ തിരഞ്ഞെടുത്തു അയക്കുന്നവരാണ് അവിടങ്ങളിലുള്ളവർ. അവിടെ നിന്നാണ് നമ്മുടെ ഭാവി കാര്യങ്ങളെല്ലാം യഥാസമയം നിർണയിക്കപെടുന്നത്. 

അത് കൊണ്ട്, ഒരു ജനാധിപത്യ പൗര സമൂഹത്തെ സംബന്ധിച്ചിടത്തോളം കോടതി ഇടപെടലുകളിലൂടെ വരുന്ന പരിഷ്‌ക്കരണവും നിയമനിർമാണ സഭകളിലൂടെ വരുന്ന പരിഷ്‌ക്കരണവും രണ്ടും വ്യത്യസ്തമാണ്. വ്യത്യസ്തമായി വേണം നാം അതിനെ രണ്ടിനെയും വിലയിരുത്തേണ്ടത്. കാരണം, നമ്മുടെ സമൂഹത്തെ കുറിച്ചുള്ള സൂചനയാണ് അത് രണ്ടും നല്കുന്നത്. നമ്മുടെ സമൂഹം എത്ര മാത്രം പരിഷ്കൃതമാണ് എന്ന് നമുക്ക് സ്വയം മനസ്സിലാക്കാനുള്ള സൂചനകളാണ് അവ രണ്ടും വെളിവാക്കുന്നത്. നമ്മുടെ നിയമനിർമാണ സഭകൾ എന്ന് പറയുന്നത് നമ്മുടെ സമൂഹത്തിന് നേരെ തിരിച്ചു വെച്ചിരിക്കുന്ന ഒരു കണ്ണാടിയാണ്. അവിടെ നിന്ന് ഉണ്ടാകുന്ന പരിഷ്‌കരണ പ്രവർത്തനങ്ങൾക്കാണ് സമൂഹത്തിന്റെ മൊത്തത്തിളുള്ള പരിഷ്കൃതത്വത്തെ യതാവിധം കൃത്യമായി അടയാളപെടുത്താൻ സാധിക്കുന്നത്.•
..