ലോകം ഫുട്‌ബോൾ ലഹരിയിൽ ആണെന്നത് ഒരു സത്യമാണ്. അതൊരു തെറ്റായ കാര്യമായി കാണാനാവില്ല.

 'സമസ്ത കേരള ജംഇയ്യത്തുൽ ഉലമാഹ്'... കേരളത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഒരു ഇസ്ലാമിക മത പണ്ഡിത സഭയാണ്. മറ്റു ഇസ്ലാമിക സംഘടനകളെ അപേക്ഷിച്ച് നോക്കിയാൽ താരതമ്യേന വളരെയധികം മിതത്വം പാലിക്കുന്ന, സെക്യൂലർ അച്ചടക്കം പാലിക്കുന്ന, ഒരു സംഘടനയാണ് സമസ്‌ത എന്ന് നമ്മുക്ക് നിസ്സംശയം പറയാവുന്നതാണ്. ഇന്ത്യൻ ദേശീയതയ്ക്കും ഇന്ത്യാരാജ്യത്തെ നിലനിൽക്കുന്ന നിയമങ്ങൾക്കും വിധേയമായി നിന്നുകൊണ്ട് മതപരമായി പ്രവർത്തിക്കുന്നു. അതോടൊപ്പം കേരളീയ സാംസ്‌ക്കാരിക പരിസ്ഥിതിയോട് പൂർണമായും ഐക്യപ്പെട്ട് നിലകൊള്ളുന്നു. അതൊക്കെകൊണ്ട് തന്നെ കേരളീയർക്ക് പൊതുവെ  സ്വീകാര്യമാണ് സമസ്ത. എന്നാൽ ഈയിടെ സമസ്‌തയുടെ ചില മതപരമായ പിടിവാശികൾ കേരള പൊതു സമൂഹത്തിൽ വിമർശന വിധേയമാകുന്നുണ്ട്. തങ്ങളുടെ മതപരവും സാമുദായികപരവുമായ ആശങ്കകൾ ഉന്നയിച്ചുകൊണ്ട്‌  ഭരണ കക്ഷിയേയും അതിലൂടെ സംസ്ഥാന സർക്കാറിന്റെ നയങ്ങളെയും സമസ്‌ത നിരന്തരം നെഗറ്റീവായി സ്വാധീനിക്കുന്നു. അങ്ങനെ ഈയടുത്തകാലത്ത് സംസ്ഥാന സർക്കാർ പല നിലപാടുകളും മാറ്റാൻ ഇടയായിട്ടുണ്ട്. വഖഫ് ബോർഡ് നിയമന വിഷയവും, ജൻഡർ ന്യൂട്രാലിറ്റി യൂണിഫോം വിഷയവും, സ്കൂൾ സമയമാറ്റ വിഷയവുമൊക്കെ അതിൽ ചില ഉദാഹരണങ്ങളാണ്. സമസ്‌തയുടെ നിരന്തരമായ ഇത്തരം രാഷ്ട്രീയ ഇടപെടലുകൾ  മറ്റു മത-സമുദായങ്ങൾക്കിടയിലും ചെറുതല്ലാത്ത ചില അസ്വാരസ്യങ്ങൾക്ക് വഴിവെച്ചിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്.


ഫുട്‌ബോൾ ലോക കപ്പ്

ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പുതിയ ചർച്ചാ വിഷയം ഫുട്‌ബോൾ ലോകകപ്പുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യാ രാജ്യത്തെ നിലനിൽക്കുന്ന നിയമചട്ടകൂടിനകത്തു നിന്ന്കൊണ്ട് ഒരു മതസംഘടന എന്ന നിലയിൽ മതപരമായ കാര്യങ്ങളും മറ്റും പറയാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം സമസ്‌തയ്ക്കുണ്ട്. തീർച്ചയായും അംഗീകരിക്കുന്ന കാര്യമാണത്. 

അമിതമായ ഫുട്‌ബോൾ-ലഹരിയെകുറിച്ചും ഫുട്‌ബോൾ കളിക്കാരുടെ കൂറ്റൻ പടങ്ങൾ വെച്ചുള്ള ആരാധനയെകുറിച്ചുമാണ് സമസ്‌തയുടെ ഇപ്പോഴത്തെ വിമർശനം. ഇത് ഏറെക്കുറെ നാമെല്ലാവരും യോജിക്കുന്ന ഒരു വാദമാണ്. എന്നാൽ ഫുട്‌ബോൾ മാത്രമല്ല എന്ത് തന്നെയായാലും ശെരി, അമിതമായാലും മിതമായ നിരക്കിലായാലും ശെരി, ആരാധനാമനോഭാവത്തെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നത് നന്നല്ല എന്നാണ് ആ വാദത്തോട് കൂട്ടിച്ചേർക്കാനുള്ളത്. 


പോർച്ചുഗീസിനെ കുറിച്ചുള്ള സമസ്തയുടെ  പരാമർശത്തെ ഇന്നിന്റെ ഈ ലോകക്രമത്തിൽ ഒരു ലിബറൽ പൗരസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവില്ല. അത്രയ്ക്കും regressive വാദമാണത്. പരിതാപകരം! 😐

പാശ്ചാത്യ പോർച്ചുഗീസ് ശക്തി പണ്ട്പണ്ടെന്നോ ഒരു കാലത്ത് ഇന്ത്യൻ ഭൂപ്രദേശം  അധീനപ്പെടുത്തി ഭരിച്ചിരുന്നു എന്നതും തദ്ദേശീയരോട് കൊടുംക്രുരത കാണിച്ചിരുന്നു എന്നതും തർക്കമില്ലാത്ത ഒരു ചരിത്ര വസ്‌തുതയാണ്. എന്നാൽ, ആ കാരണത്താൽ ഇന്നത്തെ പോർച്ചുഗീസ് രാജ്യത്തോടും അവരുടെ ദേശീയ പതാകയോടും അവരുടെ ദേശീയ ഫുട്‌ബോൾ ടീമിനോടും ശത്രുത വെച്ചുപുലർത്തുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ഒരുത്തരത്തിലും യോജിക്കാനോ അംഗീകരിക്കാനോ പറ്റുകയില്ല!. കാരണം, അത്തരം പാരമ്പര്യവൈര്യങ്ങൾ ഇന്നത്തെ അന്താരാഷ്ട്ര മാനുഷിക മൂല്യങ്ങൾക്ക് എതിരാണ്. നാം എന്നും മുന്നോട്ടു വെക്കുന്ന നിരന്തരം പറയുന്ന.. പ്രചരിപ്പിക്കുന്ന.. വിശ്വമാനവിക സങ്കൽപ്പങ്ങൾക്കും എതിരാണ്. 


"ഇസ്ലാമിക-വിരുദ്ധ" സമീപനമുള്ള രാജ്യങ്ങളുടെ ദേശീയ ഫുട്‌ബോൾ ടീമിനെയും അവരുടെ ദേശീയ പതാകകളെയും  കേരളത്തിലെ ഫുട്‌ബോൾ ആരാധകർ ആഘോഷമാക്കരുത് എന്ന സമസ്തയുടെ വാദം  ഇന്ന് വാർത്തയിൽ കണ്ടു. സമസ്തയുടെ അണികളോടാണിത് പറയുന്നതെങ്കിലും സമസ്തയുടെ വക്താക്കൾ അങ്ങനെ പറഞ്ഞു എന്ന് കേട്ടപ്പോൾ സത്യം പറഞ്ഞാൽ ഞാൻ അതിശയിച്ചുപോയി. കാരണം, അത് ഒരുതരം  'റാഡിക്കൽ ഇസ്ലാമിസ്റ്റ്' വാദമാണ്. സമസ്തയെ പോലെ മോഡറേറ്റ് ഇസ്ലാമിക പണ്ഡിത സഭയ്ക്ക് ചേർന്നതല്ലത്. തീർത്തും അനുചിതമാണെന്ന് പറയാതെ വയ്യ. 


ലോകം ഫുട്‌ബോൾ ലഹരിയിൽ ആണെന്നത് ഒരു സത്യമാണ്. അതൊരു തെറ്റായ കാര്യമായി കാണാനാവില്ല. ആഗോള കായിക ഇനമാണ്.

നാലാണ്ടിലൊരിക്കൽ അരങ്ങേറുന്ന ലോക ഫുട്‌ബോൾ മഹോത്സവത്തിന്റെ ആവേശത്തിലായത് കാരണം, ഈയൊരു മാസം ആരാധനാലയങ്ങളിൽ പോയി മതം അനുഷ്‌ടിക്കാൻ ആള് കുറവായിരിക്കും. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്.  ഒരുപക്ഷേ മതപാലകർക്ക് [സമസ്‌ത] ആശങ്ക ഉണ്ടാകാനിടയുണ്ട്, എന്നാൽ ഒരുതരത്തിലും ആകുലരാകേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം, വിശ്വാസികൾ എവിടെയും വഴി തെറ്റി പോകില്ല, അങ്ങെനെയൊരു ചരിത്രമില്ല. കളി  കഴിയുമ്പോൾ അവർ കറങ്ങിതിരിഞ്ഞ് ആരാധനാലയങ്ങളിൽ തന്നെ വന്നുചേരും. അതാണ് പൊതുവെ സംഭവികാറുള്ളത്. 🙂

..