ഇന്ത്യൻ റിപ്പബ്ലിക് ദിനം

ഇന്ത്യൻ റിപ്പബ്ലിക് ദിനം, നെഹ്‌റു, സി.രാജഗോപാലാചാരി
26th January - Republic day 

അതിശൈത്യമായ കാലാവസ്ഥയ്ക്ക് ശേഷം, 1950 ജനുവരി 26-ന് രാവിലെ തലസ്ഥാന നഗരമായ ന്യൂഡൽഹിയിൽ തണുപ്പാണെങ്കിലും തെളിഞ്ഞ ഇളവെയിലോട് കൂടിയ ഒരു ദിവസം കണ്ടു. ഇന്ത്യയുടെ നിർണായക നിമിഷം - കൊളോണിയലിസത്തിന്റെ ചങ്ങലകളിൽ നിന്ന് പൂർണ്ണമായും സ്വതന്ത്രമായ ഒരു യഥാർത്ഥ പരമാധികാര രാഷ്ട്രമായി മാറുന്ന ദിവസം - അത് സ്വാതന്ത്ര്യം നേടി മൂന്ന് വർഷത്തിന് ശേഷമായിരുന്നു. സ്വാതന്ത്ര്യം നേടി കഴിഞ്ഞുള്ള രണ്ടര വർഷത്തോടത്തുള്ള കാലം... കൃത്യമായി പറഞ്ഞാൽ 1947 ഓഗസ്റ്റ് 15 നും 1950 ജനുവരി 26 നും ഇടയിലുള്ള കാലം, ഇന്ത്യ ഒരു ഭരണഘടനാപരമായ രാജവാഴ്ച്ചയിൽ തന്നെയായിരുന്നു. 'ഡൊമിനിയൻ ഓഫ് ഇന്ത്യ' എന്ന് ഔദ്യോഗികമായും 'യൂണിയൻ ഓഫ് ഇന്ത്യ' എന്ന് അനൗദ്യോഗികമായും അറിയപ്പെട്ടിരുന്ന കാലം, അപ്പോഴും ബ്രിട്ടനിലെ ജോർജ്ജ് ആറാമൻ രാജാവായിരുന്നു ഇന്ത്യയുടെ പരമാധികാരി. ലോർഡ് മൗണ്ട് ബാറ്റൺ (1947-48), സി രാജഗോപാലാചാരി (1948-50) എന്നീ രണ്ട് ഗവർണർ ജനറൽമാരും ആ കാലയളവിൽ ഇന്ത്യക്ക് ഉണ്ടായി. ജവഹർലാൽ നെഹ്‌റു ഈ കാലയളവിലുടനീളം ഇന്ത്യൻ യൂണിയന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ഗവൺമെന്റിന്റെ തലവനായി എക്സിക്യൂട്ടീവ് അധികാരം വഹിക്കുകയും ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് (1935) വഴി രാജ്യം ഭരിക്കുകയും ചെയ്ത കാലം. സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും ഇടയ്ക്കുള്ള ആ ഇടുങ്ങിയ കാലത്തിന് വിരാമം കുറിച്ചത്‌ 1950 ജനുവരി 26'നാണ്. "WE THE PEOPLE " എന്ന് തുടങ്ങുന്ന വ്യത്യസ്തമായൊരു ഭരണഘടനയുമായി ഒരു ജനാധിപത്യ രാഷ്ട്രം ഈ ആഗോളഭൂമികയിൽ പിറവി കൊണ്ട ആ ദിവസം.! ●